രാമകൃഷ്ണ സന്ന്യാസിസംഘത്തിൽ ചേരുന്നതിനെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ
രാമകൃഷ്ണ സന്ന്യാസിസംഘത്തിൽ ചേരുന്നതിനെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ
ശ്രീരാമകൃഷ്ണന്റെയും സ്വാമി വിവേകാനന്ദന്റെയും പ്രചോദകമായ ജീവിതവും ഉപദേശങ്ങളും അറിയുമ്പോൾ പല യുവാക്കളും രാമകൃഷ്ണ സന്ന്യാസിസംഘത്തിൽ സന്ന്യാസജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു. മറ്റു ചിലർക്ക് ത്യാഗജീവിതം നയിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത് വേദാന്തത്തെക്കുറിച്ചുള്ള ഒരു നല്ല പ്രഭാഷണം (ഒരു പക്ഷെ യൂട്യൂബിൽ) കേട്ടതുകൊണ്ടായിരിക്കാം. ലൗകികനേട്ടങ്ങളിലും ബന്ധങ്ങളിലുമുള്ള അതൃപ്തിയും പലരെയും ഒരു ആശ്രമത്തിന്റെ വാതിലുകളിലേക്ക് നയിക്കുന്നു. രാമകൃഷ്ണ സന്ന്യാസിസംഘത്തിലെ സന്ന്യാസിമാർ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഈ പ്രസ്ഥാനത്തിന്റെ സേവനപ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കാൻ ആഗ്രഹിക്കുന്ന നല്ല മനുഷ്യസ്നേഹികളുമുണ്ട്. അടിയന്തരപ്രേരണ എന്തുതന്നെയായാലും, രാമകൃഷ്ണ സന്ന്യാസിസംഘത്തിലേക്ക് കടക്കുന്നതിന് മുമ്പ് അവർ നിരവധി ഘടകങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്. അത്തരം ഭാവിസന്ന്യാസിമാരെ കാര്യവിവരത്തോടെയുള്ള ഒരു തീരുമാനത്തിലെത്താൻ സഹായിക്കുന്നതിന്, വ്യക്തമായ ചോദ്യോത്തരങ്ങളിലൂടെ ഈ വിഷയം ചർച്ച ചെയ്യുന്നു.
1. രാമകൃഷ്ണ സന്ന്യാസിസംഘം എന്താണ്?
ഒരു സന്ന്യാസിസംഘം എന്നാൽ ഒരു പൊതുസങ്കല്പത്തോടുകൂടി ഒരുമിച്ച് കഴിയുന്ന ഒരു കൂട്ടം സന്ന്യാസിമാരെയാണ് ഉദ്ദേശിക്കുന്നത്. രാമകൃഷ്ണ സന്ന്യാസിസംഘം എന്നത് വ്യക്തമായി നിർവചിക്കപ്പെട്ട ഒരു സന്ന്യാസിസംഘമാണ്. ശ്രീരാമകൃഷ്ണനിൽനിന്നും അദ്ദേഹത്തിന്റെ ശിഷ്യരിൽനിന്നുമാണ് അതിന്റെ ഉത്ഭവം. രാമകൃഷ്ണശിഷ്യരിൽ പ്രധാനി സ്വാമി വിവേകാനന്ദൻ ആയിരുന്നു. ശ്രീരാമകൃഷ്ണന്റെ അതേ ആത്മീയനിലവാരം പുലർത്തിയിരുന്ന ശ്രീ ശാരദാദേവിയെ ഇവിടെ പരാമർശിക്കേണ്ടതാണ്. ഈ സന്ന്യാസിസംഘത്തിന്റെ തുടക്കം മുതൽ മൂന്ന് പതിറ്റാണ്ടിലേറെയായി മാതൃസ്നേഹവും ആത്മീയോപദേശങ്ങളും കൊണ്ട് ശാരദാദേവി ഈ സന്ന്യാസിസംഘത്തെ നയിച്ചു. അവർ ഈ സന്ന്യാസിസംഘത്തിൽ സംഘജനനി എന്നാണ് അറിയപ്പെടുന്നത്.
രാമകൃഷ്ണ സന്ന്യാസിസംഘം എന്നാൽ രണ്ട് രജിസ്റ്റർ ചെയ്ത സംഘടനകളാണ് - രാമകൃഷ്ണമഠവും രാമകൃഷ്ണ മിഷനും. ഇവയുടെ പൊതുവായ ആസ്ഥാനം ബേലൂർ മഠമാണ്. ഈ രണ്ടു സംഘടനകൾക്കുംകൂടി ലോകമെമ്പാടും 200-ലധികം ശാഖകൾ ഉണ്ട്. ഈ ഇരട്ട സംഘടനകളുടെ ചരിത്രം, ആദർശം, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
2. രാമകൃഷ്ണ സന്ന്യാസിസംഘത്തിൽ "ചേരുക" എന്നതിന്റെ അർത്ഥമെന്താണ്?
രാമകൃഷ്ണ സന്ന്യാസിസം ഘത്തിൽ ചേരുക എന്നതിനർത്ഥം കുടുംബത്തെയും സുഹൃത്തുക്കളെയും, തൊഴിലിനെയും നേട്ടങ്ങളെയും, എല്ലാ ലൗകികതാൽപ്പര്യങ്ങളെയും സുഖങ്ങളെയും ആശങ്കകളെയും ഉപേക്ഷിച്ച് സന്ന്യാസജീവിതം സ്വീകരിക്കുക എന്നാണ്. അന്നു മുതൽ ആ വ്യക്തി ഈ സന്ന്യാസിസംഘത്തിന്റെ, മഠം എന്നോ ആശ്രമം എന്നോ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ ആത്മീയസാധനയ്ക്കും നിസ്വാർത്ഥസേവനത്തിനും വേണ്ടി മാത്രം ജീവിതം സമർപ്പിക്കും.
3. രാമകൃഷ്ണ സന്ന്യാസിസംഘത്തിൽ സന്ന്യാസിയാകുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്?
18-നും 28-നും ഇടയിൽ പ്രായമുള്ള, കുറഞ്ഞത് ബിരുദധാരികളായ യുവാക്കൾക്ക് (ദയവായി ശ്രദ്ധിക്കുക: സ്ത്രീകൾക്ക് അല്ല) രാമകൃഷ്ണ സന്ന്യാസിസം ഘത്തിൽ ചേരാൻ അർഹതയുണ്ട്. എഞ്ചിനീയറിംഗ് / മെഡിക്കൽ ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും ഉയർന്ന പ്രായപരിധി 30-ഉം പാശ്ചാത്യർക്ക് 36-ഉം ആണ്. കൂടുതൽ വിശദാംശങ്ങൾക്ക്, ദയവായി <mail@rkmm.org> എന്ന വിലാസത്തിൽ സംഘത്തിന്റെ ആസ്ഥാനത്തേക്ക് (ബേലൂർ മഠത്തിലേക്ക്) എഴുതുക.
4. സന്ന്യാസജീവിതം സ്വീകരിക്കാൻ താൽപ്പര്യമുള്ള യുവതികൾക്ക് എന്തെല്ലാം സാദ്ധ്യതകൾ ഉണ്ട്?
രാമകൃഷ്ണ സന്ന്യാസിസംഘം പുരുഷന്മാർക്ക് മാത്രമുള്ള ഒരു സന്ന്യാസിസംഘടനയാണ്. സ്ത്രീകൾക്കുവേണ്ടി ശ്രീ ശാരദാമഠം എന്ന പേരിൽ ഒരു സമാന്തരസംഘടനയുണ്ട്, അത് ഞങ്ങളുടേതിന് സമാനമായ ആദർശങ്ങൾ പിന്തുടരുന്നു. താൽപ്പര്യമുള്ള സ്ത്രീകൾക്ക് കൊൽക്കത്തയിലെ ദക്ഷിണേശ്വരത്ത് ആസ്ഥാനമായുള്ള ശാരദാ മഠവുമായി നേരിട്ട് ബന്ധപ്പെടാം. ഇമെയിൽ വിലാസം: <saradamath.office@gmail.com>.
5. ഞാൻ വിവാഹിതനാണ്. എനിക്ക് രാമകൃഷ്ണ സന്ന്യാസിസംഘത്തിൽ ചേരാൻ കഴിയുമോ?
ക്ഷമിക്കണം! അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ രാമകൃഷ്ണ സന്ന്യാസിസംഘത്തിൽ ചേരാൻ അനുവാദമുള്ളൂ. വിവാഹിതനും ഇപ്പോൾ വിവാഹമോചിതനുമായ ഒരാൾക്കും യോഗ്യതയില്ല.
എന്നാൽ ഒരു ഭക്തനായോ സന്നദ്ധപ്രവർത്തകനായോ ഞങ്ങളുടെകൂടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് സ്വാഗതം. അതിനുവേണ്ടി നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ഞങ്ങളുടെ ഒരു ശാഖയുടെ തലവനെ ബന്ധപ്പെടുക.
6. എല്ലാം ത്യജിക്കാൻ ആഗ്രഹിക്കുന്ന ഒരു പുരുഷന് വിദ്യാഭ്യാസയോഗ്യത നിർബന്ധിക്കുന്നത് എന്തുകൊണ്ട്?
ആത്മീയവളർച്ചയ്ക്ക് വിദ്യാഭ്യാസയോഗ്യത ഒരു മുൻവ്യവസ്ഥയല്ലെങ്കിലും, താഴെപ്പറയുന്ന കാരണങ്ങളാൽ അത് ആവശ്യമാണ്:
(എ) സന്ന്യാസജീവിതം സ്വീകരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ഈ തീരുമാനത്തിലെത്താൻ മാനസികമായ പക്വത ആവശ്യമാണ്. മറ്റെല്ലാറ്റിനും പുറമെ, ഔപചാരികവിദ്യാഭ്യാസം സാധാരണഗതിയിൽ ഈ പക്വത വികസിപ്പിക്കാൻ സഹായിക്കുന്നു.
(ബി) സംഘത്തിലെ സന്ന്യാസിമാർ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, മറ്റ് നിരവധി സ്ഥാപനങ്ങൾ എന്നിവ നടത്തേണ്ടതുണ്ട്, ജനങ്ങളെ വിവിധരീതികളിൽ സേവിക്കേണ്ടതുണ്ട്. കൂടാതെ, ദേശീയവും അന്തർദേശീയവുമായ വേദികളിലും സർവകലാശാലകളിലും പ്രഭാഷണങ്ങൾ നടത്താൻ അവരെ ക്ഷണിക്കുന്നു. മികച്ച വിദ്യാഭ്യാസയോഗ്യത ഇവയെല്ലാം കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
(സി) ചില യുവാക്കൾ അവസാന ആശ്രയമായോ നിരാശയിലോ സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്നതായി കാണപ്പെടുന്നു. ഒരുപക്ഷേ അവർ പഠനത്തെയും പരീക്ഷകളെയും ഭയപ്പെടുന്നുണ്ടാകാം. മോശം വിദ്യാഭ്യാസപ്രകടനമോ മറ്റേതെങ്കിലും പോരായ്മയോ കാരണം അവർ ഇഷ്ടമുള്ള ജോലി നേടുന്നതിൽ പരാജയപ്പെട്ടിരിക്കാം. നല്ല വിദ്യാഭ്യാസനിലവാരവും പ്രായപരിധിയും വേണമെന്ന് നിർബന്ധിക്കുന്നതിലൂടെ, അത്തരം ആളുകൾ സംഘത്തിലേക്ക് നുഴഞ്ഞുകയറുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു!
7. ഞാൻ ഒരു കോളേജ്/യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. എനിക്ക് ഇപ്പോൾ സംഘത്തിൽ ചേരാമോ?
നിങ്ങൾ പഠനം തുടരുകയും നിങ്ങൾ ചേർന്ന കോഴ്സ് പൂർത്തിയാക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു. കോഴ്സ് പൂർത്തിയാക്കിയതിനുശേഷം ഉടൻതന്നെ നിങ്ങൾക്ക് സംഘത്തിൽ ചേരാം. നിങ്ങളുടെ ത്യാഗമനഃസ്ഥിതിയുടെ ആദ്യത്തെ അത്യാഹിതമായി നിങ്ങളുടെ പഠനം മാറരുത്!
നിങ്ങളുടെ പഠനം പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് ഞങ്ങളുടെ ഏതെങ്കിലും ശാഖയുമായി ബന്ധം പുലർത്താം. കൂടാതെ നിങ്ങളുടെ ഒഴിവുസമയങ്ങളിൽ അവിടെ ഒരു സന്നദ്ധസേവകനായി സേവനമനുഷ്ഠിക്കാം.
8. സംഘത്തിൽ ചേർന്നതിനുശേഷം എനിക്ക് എന്റെ കോളേജ് അല്ലെങ്കിൽ ഹൈസ്കൂൾ പഠനം തുടരാൻ കഴിയുമോ?
പൊതുവെ, സന്ന്യാസാർത്ഥികൾ മഠത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം.
9. എനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. അത് എനിക്ക് സംഘത്തിൽ ചേരുന്നതിന് തടസ്സമാകുമോ?
സംഘത്തിൽ ചേരുന്നതിന് നല്ല ആരോഗ്യം പ്രധാനമാണ്, കാരണം ഒരു സന്ന്യാസി മറ്റുള്ളവരുടെ സേവനം സ്വീകരിക്കുന്നതിനേക്കാൾ മറ്റുള്ളവരെ സേവിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതിനാൽ, സംഘത്തിൽ ചേരാനുള്ള നടപടിക്രമത്തിന്റെ ഭാഗമായി, അപേക്ഷകർ അവരുടെ ആരോഗ്യം തെളിയിക്കാൻ നിർബന്ധിതമായി സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. വിട്ടുമാറാത്തതും ദുർബലപ്പെടുത്തുന്നതുമായ രോഗങ്ങളുള്ളവർക്ക് (ശാരീരികമോ മാനസികമോ) സംഘത്തിൽ ചേരാൻ അനുവാദമില്ല. കാരണം അവർ സന്ന്യാസ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ സഹിക്കുന്നതിൽ പരാജയപ്പെടുകയും സംഘത്തിന് ബാധ്യതയാകുകയും ചെയ്യും.
10. ശ്രീരാമകൃഷ്ണനെയോ സ്വാമി വിവേകാനന്ദനെയോ കുറിച്ചുള്ള പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടില്ല. എനിക്ക് സംഘത്തിൽ ചേരാമോ?
അങ്ങനെയെങ്കിൽ നിങ്ങൾ ഉടൻ ചേരുന്നത് ഉചിതമല്ല. രാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിലെ കുറച്ച് പ്രധാന പുസ്തകങ്ങളെങ്കിലും വായിക്കാൻ സമയം കണ്ടെത്തുക.
11. വേദാന്തം ആഴത്തിൽ പഠിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. സംഘത്തിൽ ചേർന്നതിനുശേഷം അത് ചെയ്യാൻ കഴിയുമോ?
ഉവ്വ്. ഭഗവദ്ഗീത, ഉപനിഷത്തുകൾ തുടങ്ങിയ വേദാന്തഗ്രന്ഥങ്ങൾ പഠിക്കാൻ നിരവധി അവസരങ്ങൾ സംഘത്തിൽ ലഭ്യമാണ്. ഓരോ നവാഗതനും ചേർന്ന് ഏകദേശം മൂന്ന് വർഷങ്ങൾക്കുശേഷം ബേലൂർ മഠത്തിലെ പ്രൊബേഷണേഴ്‌സ് ട്രെയിനിംഗ് സെന്റർ (ചുരുക്കത്തിൽ ടി.സി.) എന്ന ഞങ്ങളുടെ മതപാഠശാലയിൽ രണ്ട് വർഷത്തെ കർശനപഠനത്തിന് വിധേയനാകേണ്ടതുണ്ട്. ഇവിടെ വേദാന്തം ഉൾപ്പെടെ നിരവധി മതവിഷയങ്ങൾ പഠിപ്പിക്കുന്നു.
ശ്രീരാമകൃഷ്ണൻ, ശാരദാദേവി, സ്വാമി വിവേകാനന്ദൻ, മറ്റ് സന്ന്യാസിശിഷ്യന്മാർ എന്നിവരുടെ ജീവിതവും ഉപദേശങ്ങളും ഒരർത്ഥത്തിൽ വേദാന്തംതന്നെയാണ്, കാരണം അവർ തങ്ങളുടെ ജീവിതത്തിൽ വേദാന്തസത്യങ്ങൾ സാക്ഷാത്കരിക്കുകയും അവയെ പ്രതിനിധീകരിക്കുകയും ചെയ്തു. അവരെ പിന്തുടർന്ന്, നമ്മുടെ സന്ന്യാസിസമൂഹത്തിലെ സന്ന്യാസിമാരെ പാണ്ഡിത്യമുണ്ടാക്കുന്നതിനല്ല, മറിച്ച് ഉറച്ച ബോധ്യം നേടുന്നതിനും മതഗ്രന്ഥങ്ങളിൽ പറയുന്ന പരമസത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരത്തിനും വേണ്ടിയാണ് മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ടി.സി.യിലും മുഴുവൻ സന്ന്യാസസമൂഹത്തിലും, സന്ന്യാസിമാരുടെയും നവാഗതരുടെയും ആത്മീയവളർച്ചയിൽ ഊന്നിക്കൊണ്ടാണ് അവരുടെ ജീവിതരീതി സജ്ജീകരിച്ചിരിക്കുന്നത്.
12. ഞാൻ ജന്മംകൊണ്ട് ഒരു ഹിന്ദുവല്ല. എനിക്ക് സംഘത്തിൽ ചേരാൻ കഴിയുമോ?
അതൊരു പ്രശ്നമല്ല. എല്ലാ മതങ്ങളിലെയും ദേശങ്ങളിലെയും വംശങ്ങളിലെയും ആളുകൾക്ക് രാമകൃഷ്ണസംഘം തുറന്നിരിക്കുന്നു. അവർ ശുദ്ധമായ ഒരു ത്യാഗജീവിതം നയിക്കാനും ശ്രീരാമകൃഷ്ണന്റെ ആദർശങ്ങൾ അംഗീകരിക്കാനും തയ്യാറായാൽ മതി. എല്ലാ മതങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നതും മനുഷ്യസേവ ഈശ്വരസേവയാണെന്നതും ശ്രീരാമകൃഷ്ണന്റെ ആദർശങ്ങളിൽ ഉൾപ്പെടുന്നു.
13. ഞാൻ കൃഷ്ണന്റെ (അല്ലെങ്കിൽ ശിവൻ, കാളി, ക്രിസ്തു അല്ലെങ്കിൽ മറ്റേതെങ്കിലും ദേവത യുടെ) ഭക്തനാണ്. എനിക്ക് ശ്രീരാമകൃഷ്ണസംഘത്തിൽ ചേരാമോ?
നിങ്ങൾക്ക് സ്വാഗതം! ശ്രീരാമകൃഷ്ണനോട് ബഹുമാനമുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ സത്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് സംഘത്തിൽ ചേരാം.
14. എന്റെ രാജ്യത്തെ സേവിക്കാൻ, പ്രത്യേകിച്ച് ദരിദ്രരെയും നിസ്സഹായരെയും സേവിക്കാൻ എനിക്ക് സംഘത്തിൽ ചേരാമോ?
അതെ, നിങ്ങളുടെ സേവന ആശയം വിശാലമാക്കാൻ തയ്യാറാണെങ്കിൽ സംഘത്തിൽ ചേരാം. ഞങ്ങളുടെ സംഘടന സാമൂഹികസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു എൻജിഒ മാത്രമല്ല. സ്വാമി വിവേകാനന്ദൻ തന്നെ നൽകിയ ഞങ്ങളുടെ മുദ്രാവാക്യം, ആത്മാനോ മോക്ഷാർത്ഥം ജഗദ്ഹിതായ ച (ഒരാളുടെ സ്വന്തം മോക്ഷത്തിനും ലോകത്തിന്റെ ക്ഷേമത്തിനും വേണ്ടി) എന്നതാണ്. ആത്മീയതയാണ് ഈ സംഘടനയുടെ അടിസ്ഥാനവും വഴികാട്ടിയും ആത്യന്തിക ലക്ഷ്യവും. സേവനപ്രവർത്തനങ്ങളെ തങ്ങളുടെ ആത്മീയസാധനയുടെ മറ്റൊരു രൂപമായി സംഘത്തിലെ സന്ന്യാസിമാർ കണക്കാക്കുന്നു. അതിനാൽ ഈ ആത്മീയവീക്ഷണം (അനുകമ്പയുള്ള ഹൃദയമോ ദേശസ്‌നേഹമോ മാത്രമല്ല) സംഘത്തിൽ തുടരാൻ അനിവാര്യമാണ്.
15. എനിക്ക് സന്ന്യാസിയാകണം. പക്ഷേ എന്റെ മാതാപിതാക്കൾ അതിനെതിരാണ്. ഞാൻ എന്തു ചെയ്യണം?
സന്ന്യാസിയാകാൻ സംഘത്തിൽ ചേരുന്നതിന് മാതാപിതാക്കളുടെ സമ്മതം ഉണ്ടായിരിക്കേണ്ടത് വളരെ അഭികാമ്യമാണെങ്കിലും, നിങ്ങൾ ഒരു മുതിർന്ന വ്യക്തിയായതിനാൽ അത് ഒരു അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നില്ല. അപൂർവസന്ദർഭങ്ങളിൽ മാത്രമേ മാതാപിതാക്കൾ തങ്ങളുടെ മകനെ സന്ന്യാസിയാകാൻ പ്രോത്സാഹിപ്പിക്കുന്നുള്ളൂ, മിക്കവർക്കും സന്ന്യസിക്കാനുള്ള താല്പര്യം വളർത്തിയതിന് മാതാപിതാക്കളുടെ എതിർപ്പും ചിലപ്പോൾ കോപവും നേരിടേണ്ടിവരും. എന്നാൽ ലൗകികസുഖങ്ങളോടുള്ള യഥാർത്ഥമായ താല്പര്യക്കുറവുകൊണ്ടാണ് നിങ്ങൾ ഈ ജീവിതം തിരഞ്ഞെടുക്കുന്നതെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻവേണ്ടിയല്ലെന്നും നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, ഒന്നും നിങ്ങളെ പിന്നോട്ട് വലിക്കരുത്. അതേസമയം, കുറച്ച് വർഷങ്ങൾക്ക് ശേഷം, ഭൂരിപക്ഷം മാതാപിതാക്കളും തങ്ങളുടെ മകന്റെ സന്ന്യാസിയാകാനുള്ള തീരുമാനത്തെ വിലമതിക്കുകയും അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുമെന്നതും ഒരു വസ്തുതയാണ്.
എതിർപ്പുകളും തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങളും നേരിടുമ്പോൾ, സന്ന്യാസം ഒരു പുരാതന സ്ഥാപനമാണെന്നും അതിന് വേദഗ്രന്ഥങ്ങളുടെ പിന്തുണയുണ്ടെന്നും ഉള്ള വസ്തുതയിൽനിന്ന് ധൈര്യം അവലംബിക്കണം. യദഹരേവ വിരജേത് തദഹരേവ പ്രവ്രജേത് (ആഗ്രഹം തോന്നുമ്പോൾ ലോകം ത്യജിക്കണം), എന്ന് ജാബാലോപനിഷത് പറയുന്നു.
16. ചേർന്നതിനുശേഷം എന്റെ മാതാപിതാക്കളുമായും ബന്ധുക്കളുമായും ബന്ധം നിലനിർത്താൻ കഴിയുമോ?
പ്രാരംഭദിവസങ്ങളിൽ, ഒരു നവാഗതന് ആവശ്യമെങ്കിൽ മാതാപിതാക്കളുമായി സംസാരിക്കാനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാനും അനുവാദമുണ്ട്. എന്നാൽ ഒരു സന്ന്യാസി തന്റെ സന്ന്യാസത്തിനു മുമ്പുള്ള ജീവിതത്തിൽ വളർത്തിയെടുത്ത എല്ലാ ബന്ധങ്ങളും ഒടുവിൽ ഉപേക്ഷിക്കേണ്ടതുണ്ട്. ഇത് എല്ലാവർക്കും ഒറ്റരാത്രികൊണ്ട് നേടിയെടുക്കാൻ കഴിയാത്ത ഒന്നായതിനാൽ, എല്ലാ ലൗകികബന്ധങ്ങളും ചുരുക്കി നിസ്സംഗതയുടെ മനോഭാവം വളർത്തിയെടുക്കണം.
17. എന്റെ പേരിൽ കുറച്ച് സ്വത്തുണ്ട്. ഞാൻ ചേർന്നാൽ അതിന് എന്ത് സംഭവിക്കും?
നിർവചനം അനുസരിച്ച് സന്ന്യാസിമാർക്ക് വ്യക്തിപരമായ സ്വത്തുക്കൾ പാടില്ല. ഹിന്ദുമതഗ്രന്ഥങ്ങളും നിയമപരമായ വ്യാഖ്യാനവും ഇതിൽ ഏകകണ്ഠമാണ്. ചേർന്നതിനുശേഷമോ, കഴിയുമെങ്കിൽ ചേരുന്നതിന് മുമ്പോ, നിങ്ങളുടെ പേരിലുള്ള സ്ഥാവരജംഗമസ്വത്തുക്കൾ കഴിയുന്നത്ര വേഗത്തിൽ ഇഷ്ടപ്രകാരം കൈകാര്യം ചെയ്ത് വിട്ടുകൊടുക്കേണ്ടതാണ്.
18. സന്ന്യാസിസംഘത്തിൽ എനിക്ക് ശമ്പളം ലഭിക്കുമോ?
സംഘത്തിൽ സന്ന്യാസിമാർക്ക് ശമ്പളം നൽകുന്നില്ല, കാരണം അത് സന്ന്യാസാദർശത്തിന് വിരുദ്ധമാണ്. ശമ്പളം പ്രതീക്ഷിച്ച് ജോലി ചെയ്യുന്നതുപോലെയല്ല സന്ന്യാസജീവിതം. ഇവിടെ നിങ്ങൾ സ്വമേധയാ പൂർണ്ണമായും നിങ്ങളുടെ ശരീരവും മനസ്സും കഴിവുകളും പ്രതിഭാവൈശിഷ്ട്യങ്ങളും ഭൗതികനേട്ടങ്ങൾ നോക്കാതെ സമർപ്പിക്കുന്നു.
19. ഞാൻ സന്ന്യാസസംഘത്തിൽ ചേർന്നാൽ, എന്റെ വ്യക്തിപരമായ ആവശ്യങ്ങൾ ആരാണ് നിറവേറ്റുക? ഞാൻ പ്രായമാകുമ്പോൾ ആരാണ് എന്നെ പരിപാലിക്കുക?
ഈശ്വരനിലുള്ള പൂർണ്ണമായ ആശ്രയമാണ് സന്ന്യാസജീവിതം. എന്നിരുന്നാലും, സംഘം നിങ്ങളെ പരിപാലിക്കുകയും എല്ലാ വിധത്തിലും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ആ കാര്യത്തിൽ വിഷമിക്കേണ്ട ആവശ്യമില്ല.
20. സംഘത്തിൽ ചേർന്നതിനുശേഷം ഞാൻ എങ്ങനെ വസ്ത്രം ധരിക്കണം?
സംഘത്തിലെ അംഗങ്ങൾ സാധാരണയായി കുർത്ത (അയഞ്ഞതും കോളർ ഇല്ലാത്തതുമായ ഷർട്ട്), ധോത്തി (കാൽവരെ എത്തുന്ന രീതിയിൽ അരയിൽ കെട്ടിയിരിക്കുന്ന തുണി), ഉത്തരീയം (ഷർട്ടിന്റെ മേലെ ഇടുന്ന തുണി) എന്നിവ ധരിക്കുന്നു. ഈ വസ്ത്രങ്ങളുടെ നിറം വെള്ളയോ (തുടക്കക്കാരുടെയോ ബ്രഹ്മചാരികളുടെയോ കാര്യത്തിൽ) കാവിയോ (സന്ന്യാസിമാരുടെ കാര്യത്തിൽ) ആയിരിക്കും.
21. നാളെ ഞാൻ ചേർന്നാൽ, പൂർണ്ണ അർത്ഥത്തിൽ സന്ന്യാസിയാകാൻ എത്ര സമയമെടുക്കും?
സാധാരണയായി കുറഞ്ഞത് ഒമ്പത് വർഷമെടുക്കും. അന്തിമമായ സന്ന്യാസവ്രതം സ്വീകരിക്കാൻവേണ്ടി സ്വയം തയ്യാറെടുക്കാൻ അനുവദിച്ചിരിക്കുന്ന കാലയളവാണിത്. ഒടുവിൽ നിങ്ങൾ ദീക്ഷിതനാകുമ്പോൾ, നിങ്ങൾക്ക് "ആനന്ദ" എന്ന് അവസാനിക്കുന്ന ഒരു പുതിയ പേരും "സ്വാമി" എന്ന സ്ഥാനപ്പേരും ലഭിക്കും.
22. സംഘത്തിൽ ചേർന്നതിനുശേഷം ഞാൻ എന്തു ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നു?
സംഘത്തിൽ ചേർന്നതിനുശേഷം, ഈ ഇരട്ട ആദർശങ്ങൾ കൈവരിക്കുന്നതിന് നിങ്ങൾ നിങ്ങളുടെ മുഴുവൻ ജീവിതവും സമർപ്പിക്കണം: ആത്മനോ മോക്ഷാർത്ഥം ജഗദ്ധിതായ ച - സ്വന്തം മോക്ഷവും ലോകത്തിന്റെ നന്മയും. അതിനാൽ പിന്നീടുള്ള നിങ്ങളുടെ ജീവിതകാലം മുഴുവൻ, നിങ്ങൾ ആത്മീയപരിശീലനങ്ങളിലും നിസ്വാർത്ഥസേവനത്തിലും മുഴുകും. ആത്മീയ പരിശീലനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജപം, ധ്യാനം, പ്രാർത്ഥന, ആരാധന, ജപം, സ്തുതിഗീതങ്ങളുടെയും ഭജനയുടെയും ആലാപനം, മതഗ്രന്ഥങ്ങളുടെ പഠനം, മറ്റ് ആത്മീയ പരിശീലനങ്ങൾ എന്നിവയാണ്. ഇവയിൽ, ജപത്തിന്റെയും ധ്യാനത്തിന്റെയും ദൈനംദിന പരിശീലനം വളരെ പ്രധാനമാണ്. ഇവയിൽ ചിലത് നിങ്ങൾ സ്വയം ചെയ്യും, മറ്റുള്ളവ ആശ്രമത്തിലെ സന്ന്യാസിസഹോദരങ്ങളുടെ കൂട്ടായ്മയിലും. ഈ ആചാരങ്ങൾക്കൊപ്പം, ഇതേ ഉത്സാഹത്തോടും ആത്മാർത്ഥതയോടുംകൂടി നിസ്വാർത്ഥപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, അങ്ങനെ സംഘടനയുടെ സേവനപ്രവർത്തനങ്ങളിൽ നിങ്ങളുടെ പങ്ക് വഹിക്കുകയും ചെയ്യും. മഠത്തിനോ പൊതുജനത്തിനോ വേണ്ടി നിങ്ങൾ എന്ത് ജോലി ചെയ്താലും, അത് ആരാധനയായി ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നു, അങ്ങനെ നിങ്ങളുടെ ജോലി മറ്റൊരു തരത്തിലുള്ള ആത്മീയസാധനയായി മാറുന്നു.
ഈ രീതിയിൽ നിങ്ങളുടെ ദിവസങ്ങൾ ചെലവഴിക്കുന്നതിലൂടെ, വിശുദ്ധി, ഭക്തി, നിസ്സംഗത്വം, നിസ്വാർത്ഥത, സത്യസന്ധത, ബ്രഹ്മചര്യം തുടങ്ങിയ ഒരു സാധുവിന്റെ (സന്ന്യാസിയുടെ) ഗുണങ്ങൾ തന്നിൽ വളർത്താനും ദൈവത്തെ സാക്ഷാത്കരിക്കാനും നിങ്ങൾ പരിശ്രമിക്കും.
23. രാമകൃഷ്ണസംഘത്തിലെ ആത്മീയസാധനയുടെ രീതി എന്താണ്?
കർമ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം എന്നീ നാല് യോഗങ്ങളുടെയും സംയോജനമാണ് ഇവിടെ പിന്തുടരുന്നത്. ഈ പദ്ധതി വ്യക്തിത്വത്തെ സമഗ്രമായി വികസിപ്പിക്കുന്നു. വാസ്തവത്തിൽ, സംഘത്തിൽ പരിശീലിക്കുന്ന ഈ ജീവിതരീതി (മുൻ ചോദ്യത്തിനുള്ള ഉത്തരത്തിൽ വിവരിച്ചിരിക്കുന്നതുപോലെ) അചഞ്ചലമായ വിശ്വാസത്തോടെ പിന്തുടരുന്ന ആൾക്ക് ഈ നാല് യോഗങ്ങളെയും ഏതാണ്ട് അനായാസമായി സമന്വയിപ്പിക്കാൻ കഴിയും. സ്വാമി വിവേകാനന്ദൻ രൂപകൽപ്പന ചെയ്ത സംഘത്തിന്റെ ചിഹ്നത്തിൽ നാല് യോഗങ്ങളുടെയും സമന്വയം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നമ്മുടെ ചിഹ്നം ഇവിടെ വിശദീകരിച്ചിരിക്കുന്നു.
24. ബ്രഹ്മചാരിജീവിതത്തെക്കുറിച്ച് പൊതുവായി കൂടുതലറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിനുള്ള എന്തെങ്കിലും മാർഗ്ഗനിർദ്ദേങ്ങളോ ഗ്രന്ഥങ്ങളോ ഉണ്ടോ?
ബ്രഹ്മചര്യത്തെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ ഉപദേശങ്ങൾ വിവിധസ്രോതസ്സുകളിൽ നിന്ന് സമാഹരിച്ചത് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടാതെ, താഴെ കൊടുത്തിരിക്കുന്ന രണ്ട് പുസ്തകങ്ങളിൽ നിന്ന് നിങ്ങൾക്ക് വളരെ ഉപയോഗപ്രദമായ മാർഗ്ഗനിർദ്ദേശങ്ങൾ കണ്ടെത്താനാകും:
· ശ്രീകാന്താനന്ദസ്വാമികളുടെ ‘Youth! Arise Awake and Know Your Strength’ എന്ന ഗ്രന്ഥത്തിൽ ബ്രഹ്മചര്യത്തിന്റെ ശക്തിയെക്കുറിച്ചുള്ള അധ്യായം.
· അശോകാനന്ദസ്വാമികളുടെ Spiritual Practice’ എന്ന ഗ്രന്ഥത്തിൽ ബ്രഹ്മചര്യത്തെക്കുറിച്ചുള്ള അദ്ധ്യായം.
25. ഞാൻ ചേർന്നതിനുശേഷം എന്നെ സഹായിക്കാൻ കഴിയുന്ന ഏതെങ്കിലും ആത്മീയാചാര്യരുണ്ടോ?
അതെ, മുതിർന്ന സന്ന്യാസിമാരെ സമീപിച്ചാൽ നിങ്ങളുടെ സന്ന്യാസജീവിതത്തിന്റെ എല്ലാ തുറകളിലും അവർ നിങ്ങളെ നയിക്കും. നിങ്ങൾ ശരിയായ പാതയിലാണോ എന്ന് പരിശോധിക്കാൻ അവർ നിങ്ങളെ നിരീക്ഷിക്കുകയും ചെയ്യും.
26. എനിക്ക് ഇതുവരെ മന്ത്രദീക്ഷ ലഭിച്ചിട്ടില്ല. ഞാൻ എന്തു ചെയ്യണം?
മന്ത്രദീക്ഷ എന്നത് ഒരു പവിത്രമായ ചടങ്ങാണ്. അതിൽ ഗുരു ഒരു ആത്മീയാന്വേഷിക്ക് മന്ത്രം (ഈശ്വരന്റെ പവിത്രനാമം) നൽകുന്നു. മന്ത്രം എങ്ങനെ ആവർത്തിക്കണം (അതായത് ജപം എങ്ങനെ ചെയ്യണം), ധ്യാനരീതി എന്നിവയും ഗുരു പഠിപ്പിക്കും. രാമകൃഷ്ണസംഘത്തിൽ പ്രസിഡണ്ട് സ്വാമിജിയും വൈസ് പ്രസിഡണ്ട് സ്വാമിജിമാരുമാണ് മന്ത്രദീക്ഷ നൽകുന്നത്. നിങ്ങൾക്ക് അവരിൽനിന്ന് ഇതുവരെ മന്ത്രദീക്ഷ ലഭിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ചേർന്നതിനു ശേഷം അതിനുള്ള ഏർപ്പാടുകൾ ചെയ്യുന്നതാണ്.
27. സംഘത്തിന്റെ ഏതു ശാഖയിലും എനിക്ക് ചേരാനാകുമോ?
ചില ശാഖകൾ ഒഴികെ, മറ്റ് രാജ്യങ്ങളിലേതുൾപ്പെടെ എല്ലാ ശാഖകളിലും നവാഗതരെ പ്രവേശിപ്പിക്കുന്നുണ്ട്.
നിങ്ങൾക്ക് ബേലൂർ മഠത്തിലും ചേരാം. പുതുതായി ചേരുന്നവർക്കായി ബേലൂർ മഠത്തിൽ ഒരു പ്രീ-പ്രൊബേഷനേഴ്‌സ് ട്രെയിനിങ് സെന്റർ (പി പി ടി സി) ഉണ്ട്.
എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ, നിങ്ങൾ എവിടെ ചേർന്നാലും, ബേലൂർ മഠത്തിലെ ടി.സി.യിൽ രണ്ട് വർഷം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.
28. ബേലൂർ മഠത്തിൽ ചേരുന്നതിന്റെ പ്രത്യേകത എന്താണ്?
രാമകൃഷ്ണസംഘത്തിന്റെ ഹൃദയമാണ് ബേലൂർ മഠം. അവിടെയാണ് കേന്ദ്ര ആശ്രമം സ്ഥിതി ചെയ്യുന്നത്. സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണന്റെ ഏതാനും സന്ന്യാസിശിഷ്യന്മാരും ഇവിടെ താമസിച്ചിരുന്നു. ഇത് ഞങ്ങളുടെ ആസ്ഥാനംകൂടിയാണ്. അതിന്റെ പവിത്രബന്ധങ്ങൾ കാരണം, പലരും ഇവിടെനിന്ന് സന്ന്യാസജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നു. പുതുതായി ചേരുന്നവരെ ആറ് മുതൽ പന്ത്രണ്ട് മാസം വരെ പി പി ടി സി യിൽ നിലനിർത്തിയശേഷം, അവരെ വ്യത്യസ്തശാഖകളിൽ നിയമിക്കുന്നു.
29. എന്റെ അയൽപക്കത്ത് ഒരു രാമകൃഷ്ണാശ്രമമുണ്ട്. എനിക്ക് അവിടെ ചേരാമോ?
‘ശ്രീരാമകൃഷ്ണ’ അല്ലെങ്കിൽ സ്വാമി വിവേകാനന്ദ’എന്നീ പേരുകളുള്ള എല്ലാ ആശ്രമങ്ങളും ഞങ്ങളുടെ ശാഖകളല്ല. അതിനാൽ നിങ്ങൾ പരാമർശിക്കുന്ന പ്രത്യേക ആശ്രമം ഞങ്ങളുടെ അംഗീകൃതശാഖയാണോ എന്ന് ദയവായി പരിശോധിക്കുക. ഞങ്ങളുടെ ഔദ്യോഗികശാഖകളുടെ പട്ടിക ഞങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും: <belurmath.org>
30. നിങ്ങളുടെ ഒരു പ്രത്യേകശാഖ എനിക്ക് ഇഷ്ടമാണ്. എന്റെ ജീവിതകാലം മുഴുവൻ എനിക്ക് അവിടെ ഒരു സന്ന്യാസിയായി ചെലവഴിക്കാൻ കഴിയുമോ?
നിങ്ങൾക്ക് ആ കേന്ദ്രത്തിൽ ചേരുകയും പരമാവധി മൂന്ന് വർഷം അവിടെ തുടരുകയും ചെയ്യാം. പിന്നീട് നിങ്ങളെ ഏത് ശാഖയിൽ നിയോഗിക്കുമെന്നത് പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ബേലൂർ മഠത്തിലെ മുതിർന്ന സ്വാമിജിമാർ തീരുമാനിക്കും.
ഒരു പ്രത്യേകശാഖയിൽ മുഴുവൻ ജീവിതവും ചെലവഴിക്കാനുള്ള ആഗ്രഹം സന്ന്യാസാദർശത്തിന് വിരുദ്ധമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ശാഖയിൽ ചേരാനും പരമാവധി മൂന്ന് വർഷം അവിടെ തുടരാനും കഴിയും. അതിനുശേഷം, ബേലൂർ മഠത്തിലെ മുതിർന്ന സന്ന്യാസിമാരുടെ വിവേചനാധികാരത്തിനനുസരിച്ച് ഏത് ശാഖയിലും കഴിയാൻ നിങ്ങൾ തയ്യാറായിരിക്കണം.
31. വിദേശരാജ്യങ്ങളിൽ പ്രസംഗങ്ങൾ ചെയ്യാൻ എനിക്ക് അവസരം ലഭിക്കുമോ?
ലഭിക്കാം, ലഭിക്കാതിരിക്കാം. വിദേശരാജ്യങ്ങളിലേക്ക് ആരെ അയയ്ക്കണമെന്ന് ആസ്ഥാനത്തെ അധികാരികൾ തീരുമാനിക്കുന്നു. നിരവധി ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് അവർ തീരുമാനമെടുക്കുന്നത്.
ശക്തമായ ഇഷ്ടാനിഷ്ടങ്ങൾ ഒഴിവാക്കിയതിനുശേഷവും, ഈശ്വരന് ആത്മാർപ്പണം മനോഭാവത്തോടെയും ചേരുന്നതാണ് നല്ലത്.
32. സന്ന്യാസത്തെക്കുറിച്ചു പൊതുവെയും, രാമകൃഷ്ണ സംഘത്തിലെ സന്ന്യാസത്തെക്കുറിച്ചു പ്രത്യേകിച്ചും കൂടുതലറിയാൻ വേണ്ടി വായിക്കാൻ മറ്റേതെങ്കിലും പുസ്തകം നിർദ്ദേശിക്കാമോ?
മുകളിലുള്ള പത്താം ചോദ്യത്തിനുള്ള ഉത്തരമായി നിർദ്ദേശിച്ചിരിക്കുന്ന പുസ്തകങ്ങൾ മതിയാകും. എന്നിരുന്നാലും, നിങ്ങൾക്ക് ഇനിപ്പറയുന്ന രണ്ട് പുസ്തകങ്ങൾ പരിശോധിക്കാം:
സ്വാമി ഭജനാനന്ദ എഴുതിയ ‘The Glory of Monastic Life’.
രാമകൃഷ്ണസംഘത്തിന്റെ ഒരു ഇംഗ്ലീഷ് മാസികയായ വേദാന്ത കേസരി അവതരണമായ ’Monasticism – Ideal and Traditions’
33. എനിക്ക് സംഘത്തിൽ തുടരാൻ കഴിയുന്നില്ലെങ്കിൽ സംഘം വിടാൻ കഴിയുമോ?
ഉവ്വ്. നിങ്ങളുടെ സന്ന്യാസജീവിതത്തിലെ ഏത് ഘട്ടത്തിലും നിങ്ങൾക്ക് സംഘം വിടാം. ആളുകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഈ ജീവിതത്തിലേക്ക് പ്രവേശിക്കാം, സ്വന്തം ഇഷ്ടപ്രകാരം പുറത്തുകടക്കാനും കഴിയും. ഒരാൾ പോയാൽ ഇരുവശത്തും നിയമപരമായോ സാമ്പത്തികമായോ ബാധ്യതയില്ല! സംഘം വിടുക എന്നതുകൊണ്ട് നിങ്ങളുടെ അദ്ധ്യാത്മസാധന അവസാനിക്കുക എന്ന് അർത്ഥമാക്കേണ്ടതില്ല. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങൾക്ക് അവ തുടരാം.
34. ശരി. എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിച്ചു. പക്ഷെ സന്ന്യാസിയാകാൻ മഠത്തിൽ ചേരണമോ കുടുംബത്തിൽ ഒരു സാധാരണജീവിതം നയിക്കണോ എന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും ഉറപ്പു വന്നിട്ടില്ല. താങ്കൾക്ക് എന്നെ സഹായിക്കാമോ?
ഇത് നിങ്ങൾ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. നിങ്ങളുടെ യഥാർത്ഥതാൽപ്പര്യം എവിടെയാണെന്ന് മനസ്സിലാക്കാൻ നിങ്ങളുടെ സ്വന്തം മനസ്സിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുക. നിങ്ങളുടെ മനസ്സിനെ ശക്തവും സ്ഥിരവുമാക്കാൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുക. നിങ്ങൾക്ക് ജ്ഞാനികളായ ആളുകളുമായി കൂടിയാലോചിക്കാനും ഈ വിഷയത്തിൽ അവരുടെ ഉപദേശം തേടാനും കഴിയും, പക്ഷേ അന്തിമതീരുമാനം നിങ്ങളുടെ ഉള്ളിൽനിന്നാണ് വരേണ്ടത്.

